10:33pm 07 September 2026
NEWS
കെഎസ്ആർടിസിയിൽ 24 മണിക്കൂർ പണിമുടക്ക് പുരോ​ഗമിക്കുന്നു

04/02/2025  08:07 AM IST
nila
കെഎസ്ആർടിസിയിൽ 24 മണിക്കൂർ പണിമുടക്ക് പുരോ​ഗമിക്കുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഒരു വിഭാഗം ജീവനക്കാർ ആ​ഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് പുരോ​ഗമിക്കുന്നു. ഇന്നലെ രാത്രി 12 മണി മുതൽ ഇന്നു രാത്രി 12 മണിവരെയാണ് പണിമുടക്ക്. കൃത്യമായ ശമ്പളവിതരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കോൺഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. പണിമുടക്കിനെ നേരിടാൻ സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. 

കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മ തീരുമാനിച്ചത്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സർക്കാർ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ശമ്പളവിതരണത്തിൽ പോലും മാനേജ്‌മെന്റ് ഉറപ്പ് നൽകാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. എട്ടരവർഷത്തിനിടെ ഒരിക്കൽപോലും ശമ്പളവും പെൻഷനും കൃത്യസമയത്ത് നൽകിയിട്ടില്ല. കെ എസ് ആർ ടി സിയിലെ ഡിഎ കുടിശ്ശിക 31 ശതമാനമാണ് . മറ്റൊരു പൊതുമേഖല സ്ഥാപനത്തിലും ഇത്രയും കുടിശ്ശികയില്ല എന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഡയസ്നോൺ പ്രഖ്യാപിച്ച് പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ടിഡിഎഫ് സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി, വർക്കിങ് പ്രസിഡന്റ് എം വിൻസന്റ് എംഎൽഎ, ജനറൽ സെക്രട്ടറി വി എസ് ശിവകുമാർ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img